പയ്യാവൂർ (കണ്ണൂർ): ജില്ലയിൽ രാസവളത്തിന് കടുത്ത ക്ഷാമം . വിലക്കയറ്റത്തിന് പുറമേ ക്ഷാമം കൂടി ഉണ്ടായതു കർഷകരെ ദുരിതത്തിലാക്കി . പൊട്ടാഷ് , യൂറിയ എന്നിവയ്ക്കാണു ഏറ്റവും കൂടുതൽ ക്ഷാമം. ഫാക്ട ഫോസ്, ഡൈ അമോണിയം ഫോസ്ഫേറ്റ് , മിശ്രിത വളങ്ങൾ എന്നിവയും കൃത്യമായി കിട്ടുന്നില്ലെന്നാണു കർഷകരുടെ പരാതി. മഴയ്ക്ക് മുൻപ് വിളകൾക്ക് വളപ്രയോഗം നടത്താനുള്ള നെട്ടോട്ടത്തിനിടെയാണു പ്രതിസന്ധി.വളം ചില്ലറ വിൽപന ശാലകളിലും, സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലും ഇഷ്ട വളങ്ങൾ കിട്ടുന്നില്ല. മിക്ക വളക്കടകളും കാലിയായി അടച്ചു പൂട്ടലിന്റെ വക്കിലാണ്
.വിപണിയിൽ ' ലഭ്യമായത് കൊണ്ടു വളപ്രയോഗം നടത്തേണ്ട ഗതികേടിലാണ് കർഷകർ.റബറിനും തെങ്ങിനും പ്രധാന വളപ്രയോഗം നടത്തേണ്ട സമയം ആണ് പിന്നിടുന്നത് . നാണ്യവിള കൾക്കും പഴം - പച്ചക്കറിക്കും നെൽ കൃഷിക്കും സമയത്തു വളപ്രയോഗം നടത്തിയില്ലെങ്കിൽ ഉൽപാദനം കുത്തനെ കുറയും, എഫ്എസിടിയിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണു കർഷകന്റെ ഇഷ്ട വളമായ ഫാക്ടംഫോസ് ക്ഷാമത്തിനു കാരണം. ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു മാസം 2500 ടണ്ണിൽ അധികം രാസവളത്തിന്റെ കുറവുണ്ടായതാണ് ഡീലർമാർ നൽകുന്ന കണക്ക് . ഇത്രയൂം വളം കുറയുമ്പോൾ കാർഷിക മേഖലയിൽ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാവുന്നത്.കൃഷി പണികളും പ്രതിസന്ധിയിൽ ആയി. ജില്ലയിൽ വളങ്ങൾ കിട്ടാതെ പല ഭാഗത്തും കടകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.രാസവളത്തിന് കമ്പനികൾ വില വർധിപ്പിച്ചതും കർഷകന് ഇരട്ടപ്രഹരം ആയി . 2 മാസത്തിനിടെ മാത്രം കിലോയ്ക്ക് 3 രൂപ വരെ കൂട്ടി.വ്യാപാരികൾ നഷ്ടം സഹിച്ചാണു വിൽപന നടത്തുന്നതെന്ന് അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.കെ.വിജയൻ പറഞ്ഞു.
Advertisement