"

BREAKING NEWS


കണ്ണൂർ പാനൂരിൽ ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടത് കോടതി ജീവനക്കാരന്‍; കൊലക്കുറ്റത്തിന് കേസ്

advertise here

തലശേരി/പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ ഷിജുവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും ഒളിവില്‍പോയ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമേ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഷിജുവിനെതിരേ കേസെടുത്തിട്ടുണ്ട്. 

കഴിഞ്ഞദിവസം വൈകിട്ടാണ് തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ കെ.പി. ഷിജുവിന്റെ ഭാര്യ സോന(25) ഒന്നരവയസ്സുള്ള മകള്‍ അന്‍വിത എന്നിവര്‍ പാത്തിപ്പാലത്തെ പുഴയില്‍ വീണത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ സോനയെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. എന്നാല്‍ അന്‍വിതയെ കണ്ടെത്താനായില്ല. പിന്നീട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അന്‍വിതയുടെ മൃതദേഹം കണ്ടെത്തിയത്. 

ഭര്‍ത്താവ് ഷിജുവാണ് തന്നെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് സോന നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഷിജുവിനെതിരേ കേസെടുക്കുകയായിരുന്നു. 

ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് സോന. വെള്ളിയാഴ്ച അവധിയായതിനാല്‍ ഷിജുവും സോനയും മകളും ബൈക്കിലാണ് പാത്തിപ്പാലത്ത് പുഴയ്ക്ക് സമീപം എത്തിയത്. ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടശേഷം ഷിജു ഇവിടെനിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. 

അതേസമയം, ദമ്പതിമാര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങളുള്ളതായി വിവരമില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കോടതി ജീവനക്കാരനായ ഷിജു നല്ലരീതിയിലാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്നും എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. 

 

Advertisement
BERIKAN KOMENTAR ()