മയ്യിൽ /അമ്മയെന്ന് ആദ്യക്ഷരങ്ങൾ കുറിച്ചു. സമ്മാനമായി ലഭിച്ച സ്ലേറ്റിൽ ചന്തമുള്ള പൂവ് വരഞ്ഞു. ചോക്കുകൊണ്ട് ആദ്യം കുഞ്ഞിതളുകൾ.
ആറ് ഇതളുകൾ ചേർന്ന് പലനിറത്തിലുള്ള പൂവായി. ഇലയും തണ്ടുമൊക്കെ ചേർന്നപ്പോൾ ലിനോയുടെ കണ്ണുകൾ പൂക്കളെപ്പോലെ ചിരിച്ചു.
അപ്പുവിന് നാണമായിരുന്നു. മാഷ് കൈപിടിച്ച് ആനയെ വരക്കാൻ തുടങ്ങിയപ്പോൾ നാണം എങ്ങോ പോയോളിച്ചു. ആദ്യം കാലുകൾ. തുമ്പിക്കൈയും മുറം പോലെ രണ്ടു ചെവികളും. സ്ലേറ്റിൽ വമ്പനൊരു ആനയെക്കണ്ടപ്പോൾ അപ്പു ചിരിച്ചുതുടങ്ങി.
സിയോരയ്ക്ക് ആളും ബഹളവുമൊക്കെ ഒട്ടും ഇഷ്ടമായില്ല. ആകെയൊരു ശ്വാസംമുട്ടൽ. എഴുതാൻ മടിച്ച സിയോര അപ്പുവിന്റെ ആനയെക്കണ്ടപ്പോൾ ഉഷാറായി. മാഷുടെ കൈപിടിച്ച് ക്ഷണം നേരം കൊണ്ടൊരു പൂച്ചയെ വരഞ്ഞു. വെളുത്ത നിറത്തിലൊരു സുന്ദരൻ പൂച്ച. മയ്യിൽ
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച എഴുത്തിനിരുത്തിൽ ഇങ്ങിനെ അനേകം കൗതുകങ്ങളുണ്ടായിരുന്നു. അനേകായിരം പുസ്തകങ്ങൾക്ക് നടുവിലിരുന്നാണ് കുട്ടികൾ ആദ്യക്ഷരം കുറിച്ചത്. ബഷീറിന്റെയും പൊറ്റക്കാടിന്റെയും എംടിയുടെയും കെ ആർ മീരയുടെയും ടോൾസ്റ്റോയിയുടെയും പൗലോ കൊയ്ലോയുടെയും അക്ഷരങ്ങൾ പ്രകാശിക്കുന്ന ഇടം.രണ്ടാമൂഴവും തെരുവിന്റെ കഥയും ഖസാക്കും അക്ഷരലോകത്തേക്ക് പിച്ചവെച്ചു തുടങ്ങാൻ ഇതേക്കാൾ പറ്റിയ ഇടം വേറേതുണ്ട്?
പ്രമുഖ ചിത്രകാരനും അധ്യാപകനുമായ വർഗീസ് കളത്തിലാണ് എഴുത്തിനിരുത്ത് നയിച്ചത്.
Advertisement