ന്യൂഡൽഹി /കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടതായി കെ. സുധാകരൻ. പരിചയസമ്പത്തും സീനിയോറിറ്റിയും ഉള്ള ആൾ മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പേരാണ് താൻ മുമ്പ് പറഞ്ഞത്. ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ് ചെന്നിത്തലയെ നിർദേശിച്ചത്. ഇപ്പോൾ ചടുലമായ പ്രവർത്തനമാണ് ആവശ്യം. കെ.സി വേണുഗോപാലിന് അതുണ്ട്. ഇപ്പോഴത്തെ ചർച്ചകൾ അനാവശ്യമാണ്. ചർച്ചകൾ നടത്തുന്നത് മാധ്യമങ്ങൾ. താൻ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചില്ല. പാർലമെന്റ്റിൽ വച്ച് ഖാർഗെയെ കണ്ടു. കൂടിക്കാഴ്ചയിൽ തൃപ്തനാണ്. പറയാൻ ആഗ്രഹിച്ചത് പറഞ്ഞു. ജനങ്ങളുടെ മുൻഗണനയെ
പറ്റിയാണ് സംസാരിച്ചത്. അഭിപ്രായം തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ താനെന്തിനാണ് ജീവിക്കുന്നതെന്നും സുധാകരൻ.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്ന് കെ. സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ എം.കെ രാഘവൻ വിമർശനമുന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു. 'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും ചർച്ച നടത്താം. അതിൽ ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ച ഗുണകരമല്ലെന്ന എം.കെ രാഘവന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട്
പ്രതികരിക്കാനില്ല. ഫലം വരുന്നതിന് മുമ്പുള്ള ചർച്ചകൾ ദോഷം ചെയ്യില്ല. എം.പിമാർക്ക് മത്സരിക്കാൻ അവസരം നൽകാതിരിക്കാൻ ഹൈക്കമാൻഡിന് മേൽ സമ്മർദം ഉണ്ടായിട്ടില്ല. എം.പിമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരെ മത്സരിപ്പിക്കാതിരിക്കാൻ ഇടപെടൽ നടത്തിയതായി എനിക്കറിയില്ല. എം.കെ രാഘവൻ പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി പദവിയിൽ തീരുമാനമാകുന്നതു വരെ ചർച്ച നടക്കും. കോൺഗ്രസിന്റെ രീതി ഇതുതന്നെയാണ്. അത് പുതുമയുള്ള കാര്യമല്ല' -സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ എം.കെ രാഘവൻ എം.പി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ
സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്നായിരുന്നു എം.കെ രാഘവന്റെ അഭിപ്രായം. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് അതൃപ്‌തി പരസ്യമാക്കിയിരിക്കുകയാണ്. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഉചിതമായ രീതിയിലല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടണ്ണൽ കഴിഞ്ഞ് ഭൂരിപക്ഷം ലഭിക്കണം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണം, പാർട്ടി പ്രവർത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുതെന്നും പി.എം.എ സലാം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് എ.പി അനിൽകുമാറിന്റെ പാണക്കാട് സന്ദർശനത്തിലും ലീഗിന് അതൃപ്‌തിയുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിലേക്ക് പാണക്കാടിനെ വലിച്ചിഴക്കുന്നുവെന്നാണ് ലീഗ് കരുതുന്നത്.
Advertisement