ബംഗളൂരു /കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളികളടക്കം ഏഴുപേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്‌മിത (47) എന്നിവരാണ് മരിച്ച മലയാളികൾ.മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്. ഇവരാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളും ഉൾപ്പെടുന്നു. ഇവർ ബംഗളൂരു സ്വദേശികളാണ്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏഴുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി
നാട്ടുകാരുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Advertisement