കൽപ്പറ്റ /സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിലുൾപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവിനെയും സഹായിയെയും വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു. മുഹമ്മദ്(46), അൻപത് കേസുകളിൽ പ്രതിയായ പുൽപ്പള്ളി പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെ.ടി. ജോസ് എന്ന കമ്പളക്കാട് ജോസ്(72) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇന്നോവ കാറിൽ യാത്ര ചെയ്യവെ മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽ നിന്നും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണിൽ
നിന്നുമാണ് പിന്തുടർന്ന് പിടികൂടിയത്. അടുത്തിടെ വയനാട്ടിലെ മുട്ടിൽ, മടക്കിമല, പുൽപ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലും നടന്ന 19 മോഷണക്കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് - പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കുകയായിരുന്നു.
ഏപ്രിൽ 23, 24 തീയതികൾക്കിടയിൽ കൽപ്പറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്ന് ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച
കേസിൽ ഇരുവരെയും കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് മോഷണ പരമ്പരകൾ വെളിച്ചത്തായത്. വീട്ടുകാരില്ലാത്ത സമയം അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയുടെ ലോക്ക് തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും, ഫിംഗർ പ്രിന്റ്, സയിന്റിഫിക് എക്സ്പേർട്ടുകൾ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലം പരിശോധിക്കുകയും ചെയ്തു. തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും,
സ്വർണ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സമാന കുറ്റവാളികളെ നിരീക്ഷിച്ചും പോലീസ് പരിശോധന ശക്തമാക്കി.
ഫലമില്ലെന്ന് കണ്ട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് - മോഷ്ടാക്കൾ വലയിലാകുന്നത്. ഗ്രാമത്തുവയലിലെ വീട്ടിലെ മോഷണ ശേഷം മറ്റു രണ്ട് വീടുകളിൽ കൂടി കയറി ഇവിടെ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും മുഹമ്മദ് കവർന്നിട്ടുണ്ട്. ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങൾ നൽകിയിരുന്നത് ജോസാണ്.
മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് പണവും ആഭരണങ്ങളും, ആയുധങ്ങളും കണ്ടെടുത്തു.
Advertisement