ദുബായ്/ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് പന്തുകള്‍ ശേഷിക്കെ മറികടന്നു.
സ്‌കോര്‍: ഇംഗ്ലണ്ട്- നിശ്ചിത 20 ഓവറില്‍ 188/5. ഇന്ത്യ- 19 ഓവറില്‍ 192/3.
അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്. 24 പന്ത് നേരിട്ട രാഹുല്‍ 51 റണ്‍സെടുത്താണ് പുറത്തായത്. 46 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത കിഷന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കോലി 11 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സെടുത്തും പുറത്തായെങ്കിലും 14 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്ന രിഷഭ് പന്തും ഹര്‍ദ്ദിക്ക് പാണ്ഡ്യയും (പത്ത് പന്തില്‍ 12 റണ്‍സ്) ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ജോണി ബെയര്‍സ്റ്റോ (36 പന്തില്‍ 49), ലിയാം ലിവിങ്സ്റ്റണ്‍ (20 പന്തില്‍ 30), മോയിന്‍ അലി (20 പന്തില്‍ 43*) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇംഗ്ലണ്ട് 188 റണ്‍സിലെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ സ്പിന്നര്‍ രാഹുല്‍ ചഹാറും ഒരു വിക്കറ്റെടുത്തു. നാല് ഓവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ബൗളിങ്ങില്‍ തിളങ്ങി.