കൊച്ചി/അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തിൽ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെൻഷൻ. കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ശക്തമായ ആരോപണങ്ങൾ വന്നതോടെ, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എ.എസ്.ഐ. ആയിരുന്ന വിനോദ് കൃഷ്ണയെ വെള്ളിയാഴ്ച അന്വേഷണവിധേയമായി ജില്ലാ സായുധസേനാ ക്യാമ്പിലേക്കു സ്ഥലംമാറ്റിയിരുന്നു.
മകളെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിനോദ് കൃഷ്ണയ്ക്കുനേരെയുള്ള ആരോപണം. ഇതോടൊപ്പം, ബലാത്സംഗക്കേസിൽ ഇരയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ എ.എസ്.ഐ. നിർബന്ധിച്ചതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
വിനോദ് കൃഷ്ണയ്ക്കുനേരെ ഉയർന്ന മറ്റാരോപണങ്ങളിലും രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹത്തിനു നിർബന്ധിച്ചതിൽ വിനോദ് കൃഷ്ണയോടൊപ്പമുണ്ടായിരുന്ന മറ്റുപോലീസുകാർക്കും പങ്കുള്ളതായി മാതാപിതാക്കൾ ആരോപിച്ചു. ഇവർക്കെതിരേ അന്വേഷണമോ മറ്റുനടപടികളോ ഉണ്ടായിട്ടില്ല. ഈ ഉദ്യോഗസ്ഥരെ മാറ്റിനിർത്താതെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നാണ് ആരോപണം.
എ.എസ്.ഐ.ക്കെതിരേ മാത്രം നടപടിയെടുത്ത് പ്രശ്നങ്ങൾ ഒതുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പോലീസ് തങ്ങളുടെ ഭാഗം കേൾക്കാതിരിക്കുകയും ഭാഷാപ്രശ്നവുമുള്ളതിനാൽ, മറ്റൊരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.