ചങ്ങരംകുളം (തൃശൂർ): തിളച്ചവെള്ളം അടുപ്പിൽനിന്നിറക്കവേ, അച്ഛൻ വഴുതിവീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും അച്ഛനും പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ചങ്ങരംകുളം തെക്കേപ്പുരയ്ക്കൽ ബാബുവിന്റെയും സരിതയുടെയും മകൻ അമൻ എസ്. ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബാബു, മക്കളായ അലൻ, അനുദീബ് എന്നിവരാണ് ആശുപത്രിയിലുള്ളത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. തിളച്ചവെള്ളം അടുപ്പിൽ നിന്നിറക്കുന്നതിനിടെ ബാബു തറയിൽ കുഞ്ഞിന്റെ മൂത്രത്തിൽച്ചവുട്ടി വഴുതി വീഴുകയായിരുന്നു. കൈയിലിരുന്ന പാത്രത്തിൽനിന്നു തിളച്ചവെള്ളം ബാബുവിെൻറയും മക്കളുടെയും ദേഹത്തേക്കുതെറിച്ചു. അയൽക്കാർ ഇവരെ ചങ്ങരംകുളം, തൃശ്ശൂർ ആശുപത്രികളിലെത്തിച്ചശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അമൻ ശനിയാഴ്ച മരിച്ചു.
ആശാരിപ്പണിക്കാരനാണ് ബാബു. സരിത ജലസേചനവകുപ്പിലെ ജോലിക്കാരിയും. ചിയാന്നൂരിലെ വാടകവീട്ടിലാണു താമസം. ചങ്ങരംകുളം എസ്.ഐ. ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി തുടർനടപടികളെടുത്തു.