കോട്ടയം/കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണു പ്രകൃതി ദുരന്തത്തിന് ഇരയായത്. മാര്‍ട്ടിന്‍, അമ്മ ക്ലാര, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണു ദുരന്തത്തില്‍പ്പെട്ടത്. അപകട സമയത്ത് എല്ലാവരും വീട്ടിലുണ്ടായിരുന്നു. വീടിന് മുകള്‍ഭാഗത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇവരുടെ വീട് പൂര്‍ണമായും ഒലിച്ചുപോകുകുയായിരുന്നു.
ക്ലാരയുടെയും മാര്‍ട്ടിന്റെ ഭാര്യ സിനയുടെയും മകള്‍ സാന്ദ്രയുടെയും മൃതദേഹം ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ കണ്ടെടുത്തു. മറ്റുളളവര്‍ക്കായി ഇന്നു കരസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കുമെന്നു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമാണ്.കെട്ടിട നിര്‍മാണ വസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്‌ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മാര്‍ട്ടിന്റെ വീടിന് സമീപമുളള രണ്ടു് വീടുകളും പൂര്‍ണമായി ഒലിച്ചുപോയി.
ഈ വീടുകളിലുളളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലാണെന്നു നാട്ടുകാര്‍ പറഞ്ഞു. മൂന്നു കുടുംബങ്ങളിലെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. കുടുംബത്തിലെ ചിലര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴുക്കിവിടാന്‍ മറ്റൊരു ഭാഗത്തേക്കു പോയ സമയത്താണ് ഉരുള്‍പൊട്ടലില്‍ വീടുകള്‍ ഒലിച്ചുപോയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.