തിരുവനന്തപുരം/ അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. നഷ്ടപ്പെട്ടത് ജേഷ്ഠസഹോദരനെയാണെന്ന് പ്രിയദര്‍ശന്‍ അനുസ്മരിച്ചു. 30ലേറെ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.
പ്രിയദര്‍ശന്റെ വാക്കുകള്‍
എന്റെ ആദ്യത്തെ സിനിമ പൂച്ചയ്‌ക്കൊരു മൂക്കുത്തിയുടെ ഹീറോ ആയിരുന്നു വേണുച്ചേട്ടന്‍. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയും ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത സമ്മര്‍ ഓഫ് 92. ഇത് രണ്ടും എന്നെ സംബന്ധിച്ച് വലിയൊരു നിമിത്തമാണ്. ഞങ്ങള്‍ രണ്ട് പേരും കുട്ടനാട്ടുകാരാണ്. അതിനൊക്കെ പുറമെ എന്നെ സംബന്ധിച്ച് ഒരു വല്യേട്ടനാണ് വേണുച്ചേട്ടന്‍. വേണുചേട്ടനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത സംവിധായകന്‍ ഞാനാണ്. 31 സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു. പലപ്പോഴും ഇതേ പറ്റി പുള്ളി എന്നോട് ചോദിച്ചിട്ടുണ്ട്. എങ്ങനെ നീയെന്നെ 31 സിനിമകളില്‍ സഹിച്ചെന്ന്. അതെല്ലാം ഞാന്‍ ആസ്വദിച്ചിട്ടെയുളളു.
അഭിനയിക്കുക, അഭിനയത്തോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുക. മറ്റൊരു താല്‍പര്യങ്ങളും അദ്ദേഹത്തിന് ഇല്ല. സിനിമ അത് എത്ര നല്ല സിനിമ ആയാലും ചീത്ത സിനിമ ആയാലും എത്ര നല്ല കഥാപാത്രം ആയാലും മോശമായ കഥാപാത്രം ആയാലും തന്റേതായ വ്യക്തിമുദ്ര അതില്‍ പതിപ്പിക്കുക എന്നൊരു തീരുമാനം ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം എന്നെ സംബന്ധിച്ച് വളരെ വലിയൊരു നഷ്ടമാണ്. വലിയൊരു പ്രചോദനമായിരുന്നു എനിക്ക് വേണുചേട്ടന്‍. നഷ്ടമായത് സ്വന്തം ജ്യേഷ്ടനെ തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.