പയ്യാവൂർ : വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ഇരിക്കൂർ കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരിൽ അനിൽകുമാറി (30) നായുള്ള തെരച്ചിൽ ഊർജിതമായി തുടർന്നിട്ടും കണ്ടെത്തിയില്ല. ഇനി നാളെ തുടരും. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ വീടിനടുത്ത കരിമ്പക്കണ്ടി കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി പണി പൂർത്തിയാക്കാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കനത്ത മഴയിൽ കാൽ തെന്നിയാണ് അനിൽകുമാർ പുഴയിൽ വീണത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യാവൂർ പോലീസും,ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയെങ്കിലും രണ്ട് ദിവസമായുള്ള ശക്തമായ മഴ കാരണം പുഴയിലെ ശക്തമായ ഒഴുക്ക് തെരച്ചിൽ ദുഷ്കരമാക്കി.ബുധനാഴ്ച രാവിലെ 6 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ,വാർഡ് അംഗം രതീഷ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.ഒമ്പത് മണിയോടെ അനിൽകുമാറിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് നാട്ടുകാർ വെമ്പുവ പാലത്തിനടിയിൽ വച്ച് കണ്ടെത്തി.പയ്യാവൂർ പോലീസും ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും,ആറളത്ത് നിന്നുള്ള റെസ്ക്യൂ ടീമും,നാട്ടുകാരും പുഴയിൽ നടത്തിയ തിരച്ചിൽ രാത്രി ഏഴോടെ നിർത്തി. വ്യാഴാഴ്ച രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിക്കും. ഭാര്യ: സൗമ്യ.മക്കൾ: ഗൗതം കൃഷ്ണ,ഗൗരീകൃഷ്ണ.(വാർത്ത: തോമസ് അയ്യങ്കനാൽ )
Advertisement