അയ്യനെ കാണാൻ മലകയറി എത്തുന്ന
തീർഥാടകർക്ക് വലിയ ആശ്വാസമാണ് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രി. പനി, ചുമ, തുമ്മൽ പോലുള്ള അസുഖങ്ങൾക്കുള്ള മരുന്ന് മുതൽ പഞ്ചകർമ ചികിത്സ വരെ ഇവിടെയുണ്ട്. മലകയറി എത്തുമ്പോഴുണ്ടാകുന്ന ദേഹത്തു വേദന, കാൽകഴപ്പ്, ഉളുക്ക് പോലുള്ളവയ്ക്ക് പഞ്ചകർമ തെറാപ്പിയിലൂടെ വേഗം ആശ്വാസം ലഭിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. വി കെ വിനോദ് കുമാർ പറയുന്നു. ഇതോടൊപ്പം ആവി പിടിക്കാനും മുറിവ് വെച്ചുകെട്ടുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. വലിയ നടപ്പന്തലിന് തുടക്കത്തിലായി ആരോഗ്യവകുപ്പിന്റെ ആശുപത്രിക്ക് എതിർവശത്തായാണ് ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. രണ്ട് ഒ പി കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വകുപ്പിൽ നിന്നുള്ള അഞ്ചും നാഷണൽ ആയുഷ് മിഷനിൽ നിന്നുള്ള രണ്ടും ഡോക്ടർമാർ ഇവിടെ സേവനത്തിലുണ്ട്. ഇതോടൊപ്പം മൂന്ന് ഫാർമസിസ്റ്റ്, നാല് തെറാപ്പിസ്റ്റ് എന്നിവരും മറ്റു ജീവനക്കാരുമുണ്ട്. രജിസ്ട്രേഷൻ കൗണ്ടർ, ഒപി കൗണ്ടറുകൾ, ഫാർമസി, തെറാപ്പി റൂം, മരുന്ന് സൂക്ഷിക്കുന്നതിനും ആവി
പിടിക്കുന്നതിനുമുള്ള മുറികൾ, ജീവനക്കാർക്കായുള്ള മുറികൾ തുടങ്ങിയവ ഇവിടെ ഉണ്ട്.
Advertisement