എറണാകുളം /
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ-ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ഓളം ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, അപകടകരമായ ലേസർ ലൈറ്റുകൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം, എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്കിൻ്റെ നേത്യത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
പിടികൂടിയ വാഹനങ്ങളിൽ കണ്ടെത്തിയ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സർവ്വീസ് നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ, ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.
Advertisement