കൊച്ചി / മൂവാറ്റുപുഴ നഗരത്തിൽ 13 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർനടപടികൾക്കായി മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര യോഗം വിളിച്ചു. ഗവ. ആശുപത്രി അധികൃതർ, വെറ്ററിനറി ആശുപത്രി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ആദ്യം ഒൻപത് പേർക്ക് മാത്രമാണ് കടിയേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, പരിശോധനയിൽ 13 പേർക്ക് നായയുടെ കടിയേറ്റതായി കണ്ടെത്തി. ഇവർക്കെല്ലാം ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കടിയേറ്റ എല്ലാവർക്കും പേവിഷ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്‌ടർമാർ
അറിയിച്ചു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടുള്ളതിനാൽ നാളെ തന്നെ ഇതിനെ പിടികൂടാൻ നടപടിയെടുക്കും. നഗരപരിധിയിലെ നായകൾക്ക് വ്യാപകമായി വാക്‌സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിക്കാനും നഗരസഭതീരുമാനിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആൻ്റണി അറിയിച്ചു.
Advertisement