"

BREAKING NEWS

AD

AD

നാടുവിട്ട കോഴിക്കോട് സ്വദേശി വിഷ്ണു ഇന്ന് നാട്ടിൽ തിരിച്ചെത്തി

advertise here


കോഴിക്കോട്/ ഓൺലൈൻ ലോൺ ആപ്പുകളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി സഹിക്കവയ്യാതെ നാടുവിട്ട കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണു ഇന്ന് നാട്ടിൽ തിരിച്ചെത്തി. ഏപ്രിൽ 13-നാണ് വിഷ്ണുവിനെ കാണാതായത്. എംപോക്കറ്റ് എന്ന ലോൺ ആപ്പിൽ നിന്നാണ് ഇയാൾ വായ്പയെടുത്തിരുന്നത്. എടുത്തതിൽ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നിരുന്നു. 22,000 രൂപയോളം തിരിച്ചടച്ചിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ഉത്തരേന്ത്യൻ ലോൺ സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകിയതോടെയാണ് വിഷ്ണു നാടുവിട്ടത്.
നാടുവിട്ട സമയത്ത് മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിൽ കഴിഞ്ഞ വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന ഫോൺ ഉടുപ്പിയിൽ വെച്ച് മോഷണം പോയിരുന്നു. വഴിയിൽ കണ്ട ചില മലയാളികൾ നൽകിയ ഭക്ഷണവും വെള്ളവുമാണ് ഈ ദിവസങ്ങളിൽ തുണയായതെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. നാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലാതിരുന്ന വിഷ്ണു, നേത്രാവതി എക്‌സ്പ്രസിലെ ഒരു സഹയാത്രികന്റെ ഫോണിൽ നിന്ന് സഹോദരനെ വിളിച്ചപ്പോഴാണ് വീട്ടിലെ സാഹചര്യം അറിഞ്ഞതും മടങ്ങാൻ തീരുമാനിച്ചതും.
ലോൺ ആപ്പ് സംഘത്തിന് പുറമെ നാട്ടിലെ ബ്ലേഡ് മാഫിയയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വിഷ്ണു പൊലീസിനോട് പറഞ്ഞു. വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, ഫോൺ നഷ്ടപ്പെട്ട സാഹചര്യത്തിൽ മറ്റ് മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനും മോർഫ് ചെയ്ത ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുമുള്ള നീക്കത്തിലാണ്. ബ്ലേഡ് മാഫിയയുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.


Advertisement
BERIKAN KOMENTAR ()