തൃശൂർ / തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയിൽ കുടമാറ്റം നടത്തുമെന്നും മേളങ്ങൾ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിന് പിന്നാലെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ, ദേവസ്വങ്ങളുമായി നടത്തിയ യോഗത്തിലാണ് നിർണായക തീരുമാനം. പൂരത്തിൽ നിന്ന് പൂർണമായും വെടിക്കെട്ട് ഒഴിവാക്കാനാണ് തീരുമാനം. പകരം കതിന പൊട്ടിക്കും. കുടമാറ്റത്തിന് കുടകളുടെ സൈറ്റിന്റെ എണ്ണം കുറയ്ക്കും. കുടമാറ്റം പ്രതീകാത്മകമായും ലളിതമായ രീതിയിൽ നടത്തുമെന്നും യോഗത്തിൽ തീരുമാനമായതായാണ് വിവരം. മറ്റ് ചടങ്ങുകൾക്ക് മാറ്റമുണ്ടാവില്ല.
യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് ജില്ലാ കലക്ടർ കൂടുതൽ വിശദമാക്കുമെന്ന് മന്ത്രി വാസവൻ അറിയിച്ചു.മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിലെ ചടങ്ങുകൾ വെട്ടിക്കുറച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, പൂരം അതിന്റെ പരമ്പരാഗതമായ പകിട്ടോടെ നടത്തണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായാണ് വിവരം. പരിക്കേറ്റ നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മുണ്ടത്തിക്കോട്ടെ പാടശേഖരങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്.
തൃശ്ശൂർ പൂരം വേദിയിൽ വിവിധ നിർണായക സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി വിശദമായ ഫീൽഡ് പരിശോധന നടത്തി. മാഗസിൻ മേഖല, കൺട്രോൾ റൂം ക്രമീകരണങ്ങൾ, കുടമാറ്റം ഒരുക്കങ്ങൾ, ഫയർ ലൈൻ, ഫിനിഷിംഗ് പോയിന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ പരിശോധനയുടെ ഭാഗമായി സന്ദർശിച്ചു.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുകയും സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനസജ്ജത വിലയിരുത്തുകയും ചെയ്തു. ശേഷിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പരമ്പരാഗത ചടങ്ങുകൾ തടസ്സമില്ലാതെ നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. സ്ഥലത്തെ ഉദ്യോഗസ്ഥരുമായി സംവദിച്ച് ഒരുക്കങ്ങളുടെ പുരോഗതിയും പ്രവർത്തന സംബന്ധമായ വെല്ലുവിളികളും വിലയിരുത്തുകയും ചെയ്തു.
Advertisement