.കാസർകോട് / തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംസ്ക്കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ 'മലയാളിമുദ്ര' മാദ്ധ്യമ പുരസ്ക്കാരത്തിന് കേരള കൗമുദി കണ്ണൂർ യൂണിറ്റിലെ സീനിയർ റിപ്പോർട്ടറും കാസർകോട് ബ്യുറോ ചീഫുമായ ഉദിനൂർ സുകുമാരനെ തിരഞ്ഞെടുത്തു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്ക്കാരം. എൻഡോസൾഫാൻ ദുരിത ബാധിതർ അടക്കമുള്ള
വിവിധ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നടത്തിയ ഇടപെടലുകളാണ് അവാർഡിനായി പരിഗണിച്ചത്. തൃശൂർ അയ്യന്തോളിലുള്ള കോസ്റ്റുഫോർഡ് പ്രധാന ഓഡിറ്റോറിയത്തിൽ മെയ് മൂന്നിന് ഞായറാഴ്ച രാവിലെ നടക്കുന്ന എഴാമത് മലയാളി സാംസ്ക്കാരിക സംഗമത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് അവാർഡ് വിതരണം ചെയ്യുമെന്ന് മാനേജിങ്ങ് ട്രസ്റ്റി അഡ്വ.വി.ഗിരീശൻ അറിയിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയായ ഉദിനൂർ സുകുമാരൻ കഴിഞ്ഞ 35 വർഷമായി മാദ്ധ്യമ പ്രവർത്തന രംഗത്ത് സക്രിയമാണ്. കാസർകോട് 'സംസം സാംസ്ക്കാരിക വേദി' മാദ്ധ്യമ പുരസ്ക്കാരം, കാഞ്ഞങ്ങാട് ജൂനിയർ ചേമ്പർ അവാർഡ്, തുളുനാട് വിദ്യാഭ്യാസ അവാർഡ്, പത്രാധിപർ കെ സുകുമാരൻ സ്മാരക അവാർഡ്, തുളുനാട് മാസിക ഏർപ്പെടുത്തിയ അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക മാദ്ധ്യമ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ധ്യാപികയായ ബിന്ദു സുകുമാരൻ ആണ് ഭാര്യ. അനഘ സുകുമാരൻ ( അദ്ധ്യാപിക) വിഘ്‌നേഷ് സുകുമാരൻ ( കാസർകോട് മിംസ് ഹോസ്പിറ്റൽ) എന്നിവർ മക്കളാണ്.
Advertisement