മാട്ടൂൽ /തെക്കുമ്പാട് പ്രദേശത്തെ മാട്ടൂലുമായി ബന്ധിപ്പിക്കുന്ന തെക്കുമ്പാട് - മാട്ടൂൽ അറുതെങ്ങ് ബോട്ട് സർവ്വീസ് സർക്കാർ ഏറ്റെടുക്കണമെന്ന് മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന സർക്കാറിനോട് ആവശ്യപ്പെട്ടു.
മാട്ടൂൽ - അഴീക്കൽ ഫെറി, മാട്ടൂൽ - പറശ്ശിനിക്കടവ് എന്നീ ബോട്ട് സർവ്വീസുകൾ കേരള ജല ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ സർവ്വീസ് നടത്തി വരുന്നത്.
എന്നാൽ കാലങ്ങളായി കാരറടിസ്ഥാനത്തില്‍ സർവ്വീസ് നടത്തി വന്നിരുന്ന തെക്കുമ്പാട്-മാട്ടൂൽ അറുതെങ്ങ് ബോട്ട് സർവ്വീസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് 2014 മുതല്‍ക്ക് കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാവാതെ വരികയും, ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ യാത്ര ക്ലേശം പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട് ദിവസ വാടക വ്യവസ്ഥയില്‍ സർവ്വീസ് നടത്തുവാൻ ഒരാളെ ചുമതലപ്പെടുത്തുകയുമായിരുന്നു.
എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ഈ നടപടി ചട്ട വിരുദ്ധമാണെന്ന് കണ്ടെത്തി സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് 2014 മുതല്‍ക്ക് ദിവസ വാടകയായി നൽകി വന്നിരുന്ന മുഴുവന്‍ തുകയും തടസ്സപ്പെടുത്തുകയായിരുന്നു.2014 മുതല്‍ ദിവസ വാടകയായി നൽകി വന്നിരുന്ന മുഴുവന്‍ തുകയുടേയും തടസ്സം സർക്കാർ നീക്കി നൽകണമെന്നും, ജന നന്മ ലക്ഷ്യമാക്കി ഗ്രാമ പഞ്ചായത്ത് സ്വീകരിച്ച നടപടി നിയമാനുസൃതമാക്കി സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവണമെന്നുമാണ് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുളളത്.
സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് ദിവസ വാടക തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ബോട്ട് സർവ്വീസ് മുടങ്ങിയിരിക്കുകയാണ്.
ഇത് തെക്കുംബാട് പ്രദേശവാസികളെ
ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ബോട്ട് സർവ്വീസ് സർക്കാർ ഏറ്റെടുക്കുന്നത് വരെ നിലവിലുള്ള രീതിയിൽ ദിവസ വാടക വ്യവസ്ഥയില്‍ സർവ്വീസ് നടത്താന്‍ അനുമതി നൽകണമെന്നും ഗ്രാമ പഞ്ചായത്ത് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ എംഎൽഎ ഇടപെട്ടേക്കും.