പാരീസ് /ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും നാളെയും വാശിയേറിയ ഗ്രൂപ്പ് മത്സരങ്ങള്‍ കാണാം. ഇന്ത്യന്‍ സമയം രാത്രി 10.15 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ബെസ്‌റ്റികാസ് സ്‌പോര്‍ട്ടിങ് സി.പിയെയും ക്ലബ് ബ്രൂഗ് മാഞ്ചസ്‌റ്റര്‍ സിറ്റിയെയും നേരിടും. പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍ ആര്‍.ബി. ലീപ്‌സിങിനെയും ഇന്റര്‍ മിലാന്‍ ഷെരീഫിനെയും അയാക്‌സ് ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെയും നേരിടും. ഷാക്‌തര്‍ ഡോണറ്റ്‌ക്സ് -റയാല്‍ മാഡ്രിഡ്, എഫ്.സി. പോര്‍ട്ടോ- ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ- ഡൈനാമോ കീവ് മത്സരങ്ങളും ഇന്നാണ്.
നാളെ പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ബെനഫിക ബയേണ്‍ മ്യൂണിക്കിനെയും ചെല്‍സി മാല്‍മോ എഫ്.എഫിനെയും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് അറ്റ്‌ലാന്റയെയും സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് യുവന്റസിനെയും നേരിടും. മത്സരങ്ങള്‍ സോണി ടെന്‍ 1,2,3 (എസ്.ഡി.,എച്ച്.ഡി)ചാനലുകളിലും ഓണ്‍ലൈനായി സോണി ലിവ്, ജിയോ ടിവിയിലും തത്സമയം കാണാം.
എ ഗ്രൂപ്പിലാണ് പി.എസ്.ജി-ലീപ്‌സിങ് പോരാട്ടം. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ പി.എസ്.ജിയാണ് ഒന്നാമത്. ലീപ്‌സിങിന് അക്കൗണ്ട് തുറക്കാനായില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളുടെ കണക്കെടുത്താല്‍ ഇരുവരും ഒപ്പമാണ്. രണ്ടു ജയം വീതവും ഒരു സമനിലയുമാണ് പിറന്നത്.
2014 ജൂലൈ 18 നു നടന്ന മത്സരത്തില്‍ ലീപ്‌സിങ് 4-2 നു പി.എസ്.ജിയെ തോല്‍പ്പിച്ചതാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ ഓഗസ്‌റ്റ് 18 നു പി.എസ്.ജി. 3-0 ത്തിനു ജയിച്ച് തിരിച്ചടിച്ചു. തുടര്‍ച്ചയായി മൂന്നാം ലീഗ് സീസണിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2019-20 സീസണില്‍ നടന്ന ഒരുപാദ സെമി ഫൈനലില്‍ പി.എസ്.ജി. 3-0 ത്തിനു ജയിച്ചു.
കഴിഞ്ഞ സീസണില്‍ നടന്ന ഹോം മത്സരങ്ങളില്‍ ഇരുവരും ജയിച്ചു (ലീപ്‌സിങ് 2-പി.എസ്.ജി.1, പി.എസ്.ജി.1-ലീപ്‌സിങ് 0). ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു വേണ്ടി കളിക്കവേ പരുക്കേറ്റ നെയ്‌മര്‍ ഇന്നു കളിക്കില്ലെന്നു പി.എസ്.ജി. കോച്ച് മൗറീസിയോ പൊച്ചെറ്റീനോ പറഞ്ഞു.
സെര്‍ജിയോ റാമോസ് പരുക്കില്‍നിന്നു മുക്‌തനായപ്പോള്‍ അര്‍ജന്റീന താരം ലിയനാഡോ പാരേഡസ് പുറത്തിരിക്കും. 24 നു മാഴ്‌സെയിക്കെതിരേ നടക്കുന്ന ലീഗ് വണ്‍ മത്സരത്തിലും നെയ്‌മര്‍ കളിക്കാനിടയില്ലെന്നാണു സൂചന. നെയ്‌മറുടെ അഭാവത്തില്‍ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയുമാണു പി.എസ്.ജിയുടെ ആക്രമണം നയിക്കുക. ലീഗ് സീസണില്‍ ഇതുവരെ നാല് ഗോളുകളടിച്ച ക്രിസ്‌റ്റഫര്‍ എന്‍കുകുവിന്റെ സാന്നിധ്യമാണു ലീപ്‌സിങ് കോച്ച് ജെസെ മാര്‍ഷിന്റെ കരുത്ത്.
ഇ ഗ്രൂപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാത്ത ബാഴ്‌സയ്‌ക്ക് ഇന്നു ജയിക്കണം. അവര്‍ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോടും പിന്നാലെ ബെനഫികയോടും തോറ്റു. സ്വന്തം തട്ടകമായ ന്യൂക്യാമ്പിലാണു ബാഴ്‌സ ഡൈനാമോ കീവിനെ നേരിടുന്നത്. കീവിനെതിരേ 1997-98 സീസണില്‍ നടന്ന രണ്ട് മത്സരങ്ങളിലും ബാഴ്‌സ തോറ്റിരുന്നു. തുടര്‍ന്നു തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ അവര്‍ കീവിനെ മുട്ടുകുത്തിച്ചു.
കീവിന്റെ കോച്ച് മിര്‍കു ലുസേകുവിന് ബാഴ്‌സയ്‌ക്കെതിരേ മോശം റെക്കോഡാണ്. ലുസേകു ബാഴ്‌സയ്‌ക്കെതിരേ പത്തു മത്സരങ്ങള്‍ തോറ്റു.