അബുദാബി /ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ എ ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത നമീബിയ 96 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത ലങ്ക കളി തീരാന്‍ 39 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ടോസ് നേടിയ ശ്രീലങ്ക നായകന്‍ ദാസുന്‍ ശനക നമീബിയയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ദാസുന്‍ കണക്കു കൂട്ടിയതു പോലെ പന്തെറിഞ്ഞ ലങ്കന്‍ ബൗളര്‍മാര്‍ അവരെ ചുരുട്ടിക്കൂട്ടി. 36 പന്തില്‍ രണ്ട് സിക്‌സറുകളടക്കം 29 റണ്ണെടുത്ത ക്രെയ്‌ഗ് വില്യംസ്, 19 പന്തില്‍ 20 റണ്ണെടുത്ത നായകന്‍ ജെറാദ് എറാസ്‌മസ് എന്നിവരും 12 റണ്ണെടുത്ത ജെര്‍നെയ്‌ന്‍ സ്‌മിറ്റുമാണു രണ്ടക്കം കണ്ടത്. ലങ്കയുടെ ഓപ്പണര്‍മാരായ പാഥും നിസങ്ക (അഞ്ച്), കുശല്‍ പെരേര (എട്ട് പന്തില്‍ 11) എന്നിവരെയും ദിനേഷ് ചാന്‍ഡിമലിനെയും (അഞ്ച്) പുറത്താക്കാന്‍ നമീബിയന്‍ ബൗളര്‍മാര്‍ക്കായി.
ആവിഷ്‌ക ഫെര്‍ണാണ്ടോ (28 പന്തില്‍ രണ്ട് സിക്‌സറുകളടക്കം 30), ഭാനുക രാജപക്‌സെ (27 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 42) എന്നിവരുടെ കൂട്ടുകെട്ട് പൊളിക്കാന്‍ അവര്‍ക്കായില്ല. നമീബിയയുടെ മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു.
11 പന്തില്‍ ഏഴ് റണ്ണെടുത്ത സ്‌റ്റീഫന്‍ ബാഡിനെ മഹീഷ് തീക്ഷ്‌ണ വാനിന്ദു ഹസരങ്കയുടെ കൈയിലെത്തിച്ചു. സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സാനെ ഗ്രീനും (എട്ട്) വൈകാതെ മടങ്ങി. തീക്ഷ്‌ണയുടെ പന്തില്‍ ശനക പിടിച്ചാണു ഗ്രീന്‍ മടങ്ങിയത്. വില്യംസും എറാസ്‌മസും ചേര്‍ന്നതോടെ ഇന്നിങ്‌സിന് ജീവന്‍ വച്ചു.
സ്‌കോര്‍ ബോര്‍ഡ് 68 ല്‍ നില്‍ക്ക നായകന്‍ മടങ്ങി. ലാഹിരു കുമാരയാണു ജെറാദ് എറാസ്‌മസിനെ പുറത്താക്കിയത്. ഡേവിഡ് വീസ് (ആറ്), ജാന്‍ ഫ്രിലിങ്ക് (രണ്ട്), ജാന്‍ നികോള്‍ ഈറ്റണ്‍ (മൂന്ന്), റൂബന്‍ ട്രപ്‌മാന്‍ (ഒന്ന്), പികി ലാ ഫ്രാന്‍സ് (ഒന്ന്), ബെര്‍നാഡ് സ്‌കോള്‍റ്റ്‌സ് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ലങ്കയ്‌ക്കു വേണ്ടി തീക്ഷ്‌ണ മൂന്ന് വിക്കറ്റും ലാഹിരു കുമാര, ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ചാമിക കരുണരത്‌നെ, ദുഷ്‌മന്ത ചാമീര എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.