കോട്ടയം /സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാതുക്കല്ലില്‍ യുവാവിനെ കൊലപ്പെടുത്തി. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് ( 23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ വി. കെ. അനില്‍കുമാറും അദ്ദേഹത്തിന്റെ മകന്‍ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് എം.ഡി.എം.എ.യുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് നല്‍കുന്ന വിവരം. ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് മകന്‍ അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നല്‍കാന്‍ തയ്യാറായില്ല.
ഇതിനെ തുടര്‍ന്ന്, പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, മാണിക്കുന്നിലുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നം ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ കടന്നു കളയുന്നതിനിടയില്‍ തന്നെ കോട്ടയം വെസ്റ്റ് പോലീസ് രണ്ടുപേരെയും പിടികൂടി.
നിലവില്‍ കസ്റ്റഡിയിലുള്ള അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളില്‍ ഒരാളായ അഭിജിത്തിനെ കേന്ദ്രീകരിച്ച് നേരത്തെ തന്നെ നിരവധിയായ ലഹരി കേസുകള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ നിലവിലുണ്ട്.കൊല്ലപ്പെട്ട ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ADVT