ശബരിമല /ശബരിമലയിൽ ദിവസവും തിക്കും തിരക്കുമില്ലാതെ തീർഥാടകർ സുഖദർശനം നടത്തി മടങ്ങി. കഴിഞ്ഞ വർഷം 53,60,000 തീർഥാടകരാണ് ദർശനം നടത്തിയത്. ഇത്തവണ കൂടുതലാളുകൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി.
മുൻ വർഷങ്ങളിലേതുപോലെ ശബരിമലയിൽ സുരക്ഷയൊരുക്കി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാൻഡർ ബിജുറാമിൻ്റെ നേതൃത്വത്തിൽ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്‌ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സിആർപിഎഫിന്റെ കോയമ്പത്തൂർ ബേസ് ക്യാമ്പിൽനിന്നുള്ള സംഘമാണ് ശബരിമലയിലെത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവിൽ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഒരു ഷിഫ്റ്റിൽ 32 പേരാണുണ്ടാവുക. അതിനുപുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 10 പേരടങ്ങുന്ന ക്വിക്ക് റെസ്പോൺസ് ടീമും 24 മണിക്കൂറും രംഗത്തുണ്ടാകും. മണ്ഡല - മകരവിളക്ക് സീസൺ അവസാനിക്കുംവരെ സംഘം ശബരിമലയിൽ തുടരും.
ഇന്നലെ മണ്ഡലകാല ഉത്സവത്തിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും ദേവസ്വം മന്ത്രി വി എൻ വാസവൻ വിലയിരുത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി ഒരുക്കങ്ങളെക്കുറിച്ച് മന്ത്രി ചർച്ച നടത്തി. സന്നിധാനത്തും നടപ്പന്തലിലും മന്ത്രി സൗകര്യങ്ങൾ പരിശോധിച്ചു. സോപാനത്തെത്തി തന്ത്രിയേയും മേൽശാന്തിയേയും കണ്ട് സംസാരിച്ചു. തുടർന്ന് വലിയ നടപ്പന്തലിലെത്തി വരിനിൽക്കുന്ന തീർഥാടകരോടും സംസാരിച്ചു.
ശബരിമലയിൽ ഇന്ന്
നിർമാല്യം, അഭിഷേകം മൂന്ന് മുതൽ 3.30
വരെ
ഗണപതിഹോമം 3.20 മുതൽ
നെയ്യഭിഷേകം 3.30 മുതൽ ഏഴു വരെ
ഉഷ പൂജ7.30ന്
നെയ്യഭിഷേകം എട്ട് മുതൽ 11 വരെ
കലശം, കളഭം 11.30ന്
ഉച്ചപൂജ 12ന്
പകൽ ഒന്നിന് നടയടയ്ക്കും
പകൽ മൂന്നിന് നട തുറക്കും
ദീപാരാധന 6.30ന്
പുഷ്‌പാഭിഷേകം 6.45 മുതൽ 9 വരെ
അത്താഴ പൂജ 9.15
ഹരിവരാസനം 10.50ന്
നട അടയ്ക്കൽ 11ന്
Advertisement