കാഞ്ഞങ്ങാട് / പടന്നക്കാട് പ്രവർത്തിക്കുന്ന ബേക്കൽ ക്ലബ് റിസോർട്ടിൽ നടന്ന അനധികൃത ചൂതാട്ടം പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് പോലീസും ജില്ലാ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ചൂതാട്ടത്തിൽ ഏർപ്പെട്ട പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തുനിന്നെത്തിയ കൃഷ്ണപിള്ള നഗർ സ്വദേശിയായ സുരേശൻ ടി.വി പോലീസിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, രജീഷ് കാട്ടാമ്പള്ളി, ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റമീസ് എന്നിവർക്ക് സാരമായ പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സുരേശനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Advertisement